2016 ഒക്‌ടോബർ 17, തിങ്കളാഴ്‌ച

എന്‍.ആര്‍.ഇ അക്കൌണ്ടും എന്‍.ആര്‍.ഓ. അക്കൌണ്ടും

എന്താണ്  എന്‍. ആര്‍.ഇ  അക്കൌണ്ട്?

ഇന്ത്യക്ക് വെളിയില്‍ താമസിക്കുന്ന ഇന്ത്യക്കാര്‍ (Non Resident Indians - NRI) വിദേശ രാജ്യത്ത് നിന്ന് കൊണ്ട് അവിടുത്തെ  കറന്‍സി ഇന്ത്യന്‍  രൂപയിലേക്ക് അവിടുത്തെ എക്സ്ചേഞ്ച്     വഴി   ഇന്ത്യയിലെ ഏതെങ്കിലും ഒരു ബാങ്കില്‍ നിക്ഷേപിക്കുന്നതിന് വേണ്ടി  ഏര്‍പ്പെടുത്തിയ  അക്കൌണ്ട് ആണ് എന്‍. ആര്‍. ഇ. അക്കൌണ്ട്.  (Non Resident External - NRE).

എന്താണ് ഈ അക്കൌണ്ടിന്റെ ഗുണം?

നമ്മള്‍ അയക്കുന്ന പൈസ സുരക്ഷിതമായി നമ്മുടെ അക്കൌണ്ടില്‍ എത്തും. ഈ അക്കൌണ്ടില്‍ വിദേശത്ത് നിന്ന് പൈസ അയക്കുമ്പോള്‍ ആ പൈസക്ക് ടാക്സ് (നികുതി) ഉണ്ടായിരിക്കുന്നതല്ല. എത്ര പൈസ വേണമെങ്കിലും അയക്കാവുന്നതാണ്. എന്നാല്‍ നാട്ടിലുള്ള സേവിങ്ങ്സ് ബാങ്ക് (എസ്. ബി.) അക്കൌണ്ടില്‍ പൈസ അയക്കുന്നതിനു ഒരു പരിധിയുണ്ട്. ഉദാഹരണത്തിന് 50,000 ത്തില്‍ കൂടുതല്‍ തുക ആ അക്കൌണ്ടില്‍ അയക്കുമ്പോള്‍ അതിനു നികുതി നല്‍കേണ്ടി വരും. എന്നാല്‍ എന്‍.ആര്‍. ഇ അക്കൌണ്ടിന് നികുതിയില്ല.  ഇതിനു പുറമേ, എന്‍.ആര്‍. ഇ അക്കൌണ്ട് സ്റ്റേറ്റ്മെന്റ് വഴി   നിങ്ങള്‍ക്ക് വീട്‌ ലോണ്‍, വാഹന ലോണ്‍ തുടങ്ങിയ  ലോണുകളും എടുക്കാവുന്നതാണ്.

കുഴല്‍പ്പണം അഥവാ ഹുണ്ടി എന്നാല്‍ എന്താണ്?

വിദേശത്തുള്ള എജന്റ് വശം കൊടുക്കുന്ന കറന്‍സിക്ക് തത്തുല്ല്യമായ തുക നാട്ടിലെ എജന്റില്‍ നിന്നും വീട്ടിലേക്ക് കാശ് എത്തിക്കുന്ന ഏര്‍പ്പാട് ആണ് കുഴല്‍പ്പണം അഥവാ ഹുണ്ടി.  ഇത് വീട്ടില്‍ കാശ് കിട്ടിയാല്‍ മാത്രം കൊടുത്താല്‍ മതിയാകും, അത് പോലെ തവണകളായി കൊടുത്താലും മതിയാകും.

എന്താണ്  ഇതിന്റെ ദോഷം?

ഇത്  നിയമപരമല്ല.  രാജ്യദ്രോഹക്കുറ്റമായി കണക്കാക്കും. കള്ളപ്പണം എന്നാണു ഇതിനെ വിളിക്കുന്നത്‌. പിടിക്കപ്പെട്ടാല്‍ ഇത് കൈമാറുന്നയാളെയും പണം കൈപ്പറ്റുന്നയാളെയും പോലീസിന് അറസ്റ്റ് ചെയ്യാം, നിയമ നടപടി സ്വീകരിക്കാം. ജയിലിലടക്കാം. ഇത് വഴി പണവും നഷ്ടപ്പെടും മാനവും പോയിക്കിട്ടും. പണം തരുന്ന എജന്റ് പിടിക്കപ്പെട്ടാല്‍ നമുക്ക് ആ പണം നഷ്ടമാവുകയും ചെയ്യും അതിനെതിരെ പരാതി പറയാനും പോലീസില്‍ കേസ്നു കൊടുക്കാനും കഴിയില്ല.


എന്‍.ആര്‍.ഓ. അക്കൌണ്ട് എന്നാല്‍ എന്താണ്?

 വിദേശത്തുള്ള പ്രവാസിക്ക്  നാട്ടിലുള്ള ആരെങ്കിലും ഇന്ത്യന്‍ രൂപ നല്‍കുകയാണെകില്‍  അത്  നാട്ടിലെ എന്‍. ആര്‍. ഇ. അക്കൌണ്ടില്‍ നിക്ഷേപിക്കാന്‍ പറ്റില്ല. കാരണം എന്‍. ആര്‍. ഇ. അക്കൌണ്ടില്‍ വിദേശത്തു നിന്നുള്ള കറന്‍സി അവിടുത്തെ എക്സ്ചേഞ്ച് വഴി ഇന്ത്യന്‍ രൂപയിലാക്കി മാത്രമേ നിക്ഷേപിക്കാന്‍ പറ്റൂ. അത് കൊണ്ട് നാട്ടില്‍ പ്രവാസിക്ക് ലഭിക്കുന്ന ഇന്ത്യന്‍ രൂപ നിക്ഷേപിക്കാന്‍ വേണ്ടിയുള്ള അക്കൌണ്ട് ആണ് എന്‍. ആര്‍. ഒ അക്കൌണ്ട് (Non Resident Ordinary Account).  ഇത് നാട്ടിലെ എസ്. ബി. അക്കൌണ്ട് പോലെ തന്നെയാണ്. സ്വന്തമായി നാട്ടില്‍ എസ്. ബി. അക്കൌണ്ട് ഇല്ലാത്തവര്‍ക്കാണ്  ഇതിന്റെ പ്രയോജനം.

എങ്ങിനെയാണ് ഈ അക്കൌണ്ടുകള്‍ ഓപ്പണ്‍ ചെയ്യുക?

അതാത് വിദേശ രാജ്യത്തെ ബാങ്കിലോ എക്സ്ചേഞ്ചിലോ ബന്ധപ്പെടുക. അവര്‍ ആവശ്യപ്പെടുന്ന പ്രകാരം പാസ്പോര്‍ട്ട് കൊപ്പിയുടെ പേജും വിസാ പേജും രണ്ടു ഫോട്ടോകളും (വൈറ്റ് കളര്‍ ബാക്ക് ഗ്രൌണ്ട്) നല്‍കുക ഒപ്പം ആയിരം ഇന്ത്യന്‍ രൂപക്ക് തുല്യമായ കറന്‍സിയും നല്‍കി അവര്‍ തരുന്ന ഫോറത്തില്‍ ഒപ്പിട്ട് നല്‍കിയാല്‍ ഈ രണ്ടു അക്കൌണ്ടുകളും തുറക്കാന്‍ പറ്റും. നിങ്ങളുടെ അക്കൌണ്ട് നമ്പറും, എ.ടി.എം കാര്‍ഡും അതിന്റെ പിന്‍ നമ്പറും വരെ നിങ്ങള്‍ക്ക് നാട്ടില്‍ പോകാതെ തന്നെ ലഭിക്കും. ഇന്റര്‍നെറ്റ് വഴി പൈസ അയക്കാനുള്ള യൂസര്‍ ഐ.ഡി.യും  പാസ്സ് വേര്‍ഡും ബാങ്ക് മുഖാന്തിരം നിങ്ങള്‍ക്ക് ലഭിക്കും. നിങ്ങളുടെ രജിസ്ട്രേഡ് ഫോണ്‍ നമ്പറില്‍ വരുന്ന ഒറ്റ തവണ പാസ്സ് വേര്‍ഡ് (ഒ.ടി.പി.) (One Time Password - OTP) ഉപയോഗിച്ച് നിങ്ങള്‍ക്ക് നിങ്ങളുടെ അക്കൌണ്ടിലേക്ക് കടക്കാം. പൈസ അയക്കാം അതിന്റെ വിവരങ്ങള്‍ ചെക്ക് ചെയ്യാം. ബാങ്കിന്റെ ആപ്പ് മൊബൈലില്‍ ഡൌണ്‍ ലോഡ് ചെയ്‌താല്‍ നിങ്ങള്‍ക്ക് ഇതൊക്കെ സ്വന്തം മൊബൈലില്‍ തന്നെ ചെയ്യാവുന്നതാണ്.

 മേല്‍പ്പറഞ്ഞ രണ്ടു അക്കൌണ്ടുകള്‍ക്കും നിങ്ങള്‍ക്ക് പലിശ ലഭിക്കുന്നതായിരിക്കും. എന്‍. ആര്‍. ഇ. അക്കൌണ്ടിനു എന്‍.ആര്‍. ഒ. അക്കൌണ്ടിനെ അപേക്ഷിച്ച് പലിശ കുറവായിരിക്കുമെങ്കിലും അതിനു നികുതി നല്‍കേണ്ടതില്ല.